കനത്ത മഴയിൽ വീടിനോട് ചേർന്ന മതിലിടിഞ്ഞുവീണു വീട് തകർന്നു
പെരുമണ്ണ : കഴിഞ്ഞദിവസം പെയ്ത ശക്തമായ മഴയിൽ വീടിനോട് ചേർന്ന മതിലിടിഞ്ഞുവീണു വീടിനു കേടുപാടുകൾ സംഭവിച്ചു.
പെരുമണ്ണ ഗ്രാമ പഞ്ചായത്തിലെ രണ്ടാം വാർഡായ പയ്യടിമേത്തൽ പുനത്തിൽ ബസാർ പകിടേരിച്ചാലിൽ മീത്തൽ ഷിജാദിന്റെ വീടിനോട് ചേർന്നുള്ള മതിലാണ് കനത്ത മഴയിൽ ഇടിഞ്ഞുവീണത്.
വ്യാഴാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം.
പത്ത് അടിയോളം ഉയരത്തിലുള്ള മതിലിടിഞ്ഞ് തൊട്ടടുത്തുള്ള ഹുസൈന്റെ വീടിന് മുകളിലേക്ക് പതിക്കുകയായിരുന്നു. മതിലിടിഞ്ഞ് വീണതിനെത്തുടർന്ന് ഹുസൈന്റെ വീടിന്റെ ചുമരുകൾക്ക് വിള്ളൽ സംഭവിച്ചിട്ടുണ്ട്. ജനലുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും
വീടിന്റെ സൺസൈഡ് പൂർണ്ണമായും തകരുകയും ചെയ്തിട്ടുണ്ട്.
മതിലിടിഞ്ഞ് മുറ്റം തകർന്ന ഷിജാദിന്റെ വീടും ഭീഷണിയിലാണ്.
ഷിജാദിന്റെ വീടിന്റെ തറയോട് ചേർന്നുള്ള മണ്ണ് പൂർണമായും ഇടിഞ്ഞിട്ടുണ്ട്.
ഇനിയും മഴപെയ്ത് മണ്ണിടിഞ്ഞാൽ ഷിജാദിന്റെ വീട് തകർന്നു ഹുസൈന്റെ വീടിനുമേൽ പതിക്കുമോ എന്ന ആശങ്കയിലാണ് ഇരു വീട്ടുകാരും.
രണ്ട് വീട്ടുകാരും ബന്ധു വീട്ടിലേക്ക് താമസം മാറിയിരിക്കുകയാണിപ്പോൾ.