അമ്മക്കൊരുമ്മ വയോജനങ്ങൾക്ക് ഓണക്കോടിയൊരുക്കി വാർഡ് മെമ്പർ
ഇല്ലായ്മയുടെ കാലത്തെ മനം നിറക്കുന്ന ഓണക്കാലത്തെ ഓർത്തെടുത്ത് അമ്മമാരുടെ ഒത്തുചേരൽ . പെരുവയൽ ഗ്രാമ പഞ്ചായത്ത് പതിനഞ്ചാം വാർഡ് വികസന സമിതിയാണ് " അമ്മക്കൊരുമ്മ " എന്ന പേരിൽ വേറിട്ട ഓണാഘോഷം സംഘടിപ്പിച്ചത്. വാർഡിലെ 60 വയസ് കഴിഞ്ഞ അമ്മമാരുടെ സംഗമത്തിൽ വാർഡ് മെമ്പർ എം.പി സലീമിന്റെ വക മുഴുവൻ പേർക്കും ഓണക്കോടിയും വിതരണം ചെയ്തു.
പഴയ കാലത്തെ ഓണം പകർന്ന ആവേശവും സ്നേഹവും തിരക്കിന്റെ പുതിയ ലോകക്രമത്തിൽ നഷ്ടമാവുന്നതിന്റെ നൊമ്പരമാണ് എല്ലാ അമ്മമാർക്കും പറയാനുണ്ടായിരുന്നത്. കരുതലും പരിഗണനയും മാത്രം കൊതിക്കുന്ന സായാഹ്നത്തിൽ അനുഭവികേണ്ടിവരുന്ന പ്രയാസങ്ങളും സംഗമം ചർച്ച ചെയ്തു. നേരത്തെ പെരുന്നാളിനോടനുബന്ധിച്ച് വാർഡിൽ വയോജന സംഗമം ഒരുക്കി വയോജനങ്ങൾക്ക് പെരുന്നാൾ കോടി വിതരണം ചെയ്തിരുന്നു. തനിക്ക് ലഭിക്കുന്ന 5 വർഷത്തെ മുഴുവൻ ഓണറേറിയവും ജീവകാരുണ്യ പ്രവർത്തനത്തിനായി നീക്കി വെച്ച ജനപ്രതിനിധിയാണ് സലീം.
സംഗമം ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറി എം.പി ഷൈജൽ (സബ് ജഡ്ജ് ) ഉദ്ഘാടനം ചെയ്തു. ഉന്നത പദവികളിലെത്തുമ്പോൾ മാതാപിതാക്കളെ മറന്ന് പോകുന്ന പ്രവണത വർദ്ധിച്ചു വരികയാണെന്നും കൃത്യമായ ബോധവൽക്കരണം ആവശ്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു കരുതലും പരിഗണയും മാത്രം കൊതിക്കുന്ന ജീവിത സായാഹ്നത്തിൽ അവർക്കൊപ്പം നിൽക്കാൻ സമൂഹത്തിന് ബാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു വാർഡ് മെമ്പർ എം.പി. സലീം അദ്ധ്യക്ഷത വഹിച്ചു. പെരുവയൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം.കെ സുഹറാബി ,വൈസ് പ്രസിഡണ്ട് അനിഷ് പാലാട്ട് , സ്റ്റാൻറ്റിംഗ് കമ്മറ്റി ചെയർമാൻമാരായ പി കെ ഷറഫുദ്ധീൻ ,സുബിത തോട്ടാഞ്ചേരി, വാർഡ് വികസന സമിതി അംഗങ്ങളായ സഫിയ എം ,സാജിത ഉള്ളാട്ടിൽ ,സ്മിത കാരാട്ട് ,ലിജിത പാലാട്ട് ,എ.എം അബ്ദുള്ളക്കോയ ,ഇ മുജീബ് റഹ് മാൻ എന്നിവർ പ്രസംഗിച്ചു കെ .ജാഫർ സാദിഖ് മോഡറേറ്ററായിരുന്നു .രവീന്ദ്രൻ പാലാട്ട് മേത്തൽ സ്വാഗതവും ഉസ്മാൻ ഇയ്യക്കുനി നന്ദിയും പറഞ്ഞു