ഒറ്റത്തവണനികുതി ഓൺലൈൻ രശീതി പഞ്ചായത്തുകൾ നിരുപാധികം സ്വീകരിക്കണം: റെൻസ്ഫെഡ്
മാവൂർ:
ഒറ്റത്തവണനികുതി ഓൺലൈൻ രശീതി പഞ്ചായത്തുകൾ നിരുപാധികം സ്വീകരിക്കണമെന്ന് രജിസ്ട്രേഡ് എൻജിനിയേഴ്സ് ആൻഡ് സൂപ്പർവൈസേഴ്സ് ഫെഡറേഷൻ( റെൻസ്ഫെഡ്) പെരുവയൽ -മാവൂർ യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു.
നിർമ്മാണംപൂർത്തീകരിച്ച
കെട്ടിടങ്ങൾക്ക് നമ്പർ ലഭിക്കുന്നതിന് സമർപ്പിക്കുന്ന അപേക്ഷയോടൊപ്പം റവന്യൂ ഡിപ്പാർട്ട്മെന്റിൽ ഒറ്റത്തവണ നികുതി അടവാക്കിയതിന്റെ രശീതി ഉൾപ്പെടുത്തണമെന്ന വ്യവസ്ഥ നിലവിലുണ്ട്. പ്രസ്തുത ഓൺലൈൻ രശീതി കോപ്പിയിൻമേൽ വില്ലേജ് ഓഫീസർമാർ മേലൊപ്പ് വയ്ക്കണമെന്ന പഞ്ചായത്ത് അധികൃതരുടെ ആവശ്യം പൊതുജനങ്ങൾക്കു നമ്പർ ലഭിക്കുവാൻ കാലതാമസം ഉൾപ്പെടെയുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നതായി സമ്മേളനം ചൂണ്ടിക്കാട്ടി.
ചെറുപ്പ കീർത്തിപൊൻപറ ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം റൂറൽ താലൂക്ക് പ്രസിഡന്റ് എ.കെ രാംമോഹൻ ഉദ്ഘാടനം ചെയ്തു. പി.കെ ശശികുമാർ അധ്യക്ഷതവഹിച്ചു. റെൻസ്ഫെഡ് സ്ഥാപക പ്രസിഡന്റ് സി.വിജയകുമാർ മുഖ്യാതിഥിയായി. ജില്ലാ പ്രസിഡന്റ് കെ. ജയകുമാർ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി കെ.സന്തോഷ്കുമാർ, ജില്ലാ കമ്മിറ്റിയംഗങ്ങളായ ടി.വി ഗിരീഷ് ബാബു,രാജേഷ് പുത്തൻപുരയിൽ, പി. എസ് രതീഷ്,സബീഷ് കുമാർ പ്രസംഗിച്ചു.താലൂക്ക് സെക്രട്ടറി ഇൻചാർജ് മുഹമ്മദ് റാഫി,യൂണിറ്റ് സെക്രട്ടറി ടി.ടി.മുഹാജിർ, യൂണിറ്റ് ട്രഷർ ടി.പ്രജീഷ് റിപ്പോർട്ടുകൾ അവതരിപ്പിച്ചു. റൂറൽ താലൂക്ക് പ്രസിഡന്റ് എ.കെ രാംമോഹനെ സമ്മേളനത്തിൽ ആദരിച്ചു.തുടർന്ന് കരോക്കെ ഗാനമേള അരങ്ങേറി.