ഭക്തിനിർഭരവും കൂട്ടായ്മയും വിളിച്ചോതി റബീഅ് വിളംബര റാലി
കൂടത്തായി ബസാർ മഹല്ല്, നൂർ മഹല്ല്, വലിയ മഹല്ല് കമ്മിറ്റികൾ സംയുക്തമായി റബീഅ് വളംബര റാലി നടത്തി. റാലി കൂടത്തായിയുടെ ചരിത്രത്തിൻ്റെ പുന:രാവിഷ്കാരം കൂടിയായി. വിശുദ്ധ റബീഉൽ അവ്വലിനെ വരവേൽക്കുന്നതിനായി നാടിൻ്റെ ഒരു കൂട്ടായ്മ കൂടിയാണ് നടന്നത്.കാരുണ്യത്തിൻ്റെ വസന്തത്തേയും ശാന്തിയുടെ സൗരൂപ്യത്തേയും സ്നേഹത്തിൻ്റെ സുഗന്ധത്തേയും അറിവിൻ്റെ വെളിച്ചത്തേയും പ്രസരിച്ച് കൊണ്ട് പ്രവാചക പ്രകീർത്തനത്തിൻ്റെ ദിനരാത്രങ്ങൾ വരവേൽക്കാൻ വിശ്വാസികൾക്ക് ഓർമ്മപ്പെടുത്തലുമായാണ് ഈ റബീഅ് വിളംബരം.
മൂന്ന് മഹല്ലുകളിലേയും നിവാസികൾ അവരുടെ പൂർവ്വികർ മറവിട്ട് കിടക്കുന്ന ഖബർസ്ഥാനുള്ള പുറായിൽ വലിയ പള്ളി യിൽ ഒത്തുകൂടി.മൗലിദ് പാരായണത്തിനും ദുആ ക്കും ശേഷം " റബീഅ് വിളംബരം" ബാനറിന് പിന്നിൽ അണിനിരന്നു.തൂവെള്ള വസ്ത്രം ധരിച്ച്, പ്രകീർത്തനങ്ങളുമായി അവർ നടന്നു നീങ്ങി. തീർത്തും അച്ചടക്കത്തോടെ വൃദ്ധരും യുവാക്കളും കുട്ടികളുമടങ്ങുന്ന ആയിരത്തോളം ആളുകൾ ഒരു പാരമ്പര്യവിശ്വാസത്തിലും അനുഷ്ടാനത്തിലും ഒന്നാണെന്നും ഒരു മയാണെന്നും സന്ദേശവുമായി അണിനിരന്നു.
സമസ്ത കേരള ജംഇയ്യത്തുൽ ഖുത്വബാസം സ്ഥാന ജന.സെക്രട്ടറി
നാസർ ഫൈസി കൂടത്തായി, സമസ്ത ജില്ലാ കമ്മിറ്റി അംഗം റഫീഖ് സക്കരിയ്യ ഫൈസി, വലിയ മഹല്ല് മുദരിസ് മുഹമ്മദ് സ്വാലിഹ് ഫൈസി, നൂർ മസ്ജിദ് ഖത്തീബ് അബ്ദുൽ ജലീൽ ഫൈസി, ബസാർ മസ്ജിദ് ഖത്തീബ് അബ്ദുറഹീം വാഫി, ബസാർ മഹല്ല് പ്രസിഡൻറ് പി.പി.കുഞ്ഞായിൻ ഹാജി, നൂർ മഹല്ല് പ്രസിഡൻ്റ് എ.കെ.കാതിരി ഹാജി, വലിയ മഹല്ല് പ്രസിഡൻ്റ് ടി.കെ.മാമു ഹാജി, നൂർ മഹല്ല് ജന. സെക്രട്ടറി എ.കെ.അസീസ്, വലിയ മഹല്ല് ജന.സിക്രട്ടറി പി.പി.കുഞ്ഞമ്മദ് ഹാജി, ബസാർ മഹല്ല് ജന. സെക്രട്രറി പി.ടി.വി. ആലി, മറ്റു മഹല്ല് ,മദ്രസാ ഭാരവാഹികൾ തുടങ്ങിയവർ നേതൃത്വം നൽകി. റാലി ആസാദ് സ്കൂൾ ഗ്രൗണ്ടിൽ പ്രാർത്ഥനയോടെ സമാപിച്ചു.