കാർഷിക കൂട്ടായ്മ ഞാറ് നടീൽ മഹോത്സവം നടത്തി
മടവൂർ :
ജാതി മത രാഷ്ട്രീയ ചിന്തകൾക്കതീതമായ മടവൂർ വാർത്തകൾ വാർട്സാപ്പ് കൂട്ടായ്മയുടെ കാർഷികസമിതിയുടെ നേതൃത്വത്തിൽ കാർഷിക സംസ്കാരം തിരിച്ച് കൊണ്ടുവരിക, കുട്ടികളെയും യുവാക്കളെയും കൃഷിയിലേക്ക് പ്രോത്സാഹിപ്പിക്കുക എന്നീ ലക്ഷ്യത്തോടെ മടവൂർ പൊക്കാരിതാഴം ഒന്നര ഏക്കർ വയലിൽ നടന്നുന്ന നെൽകൃഷിയുടെ ഞാറ് നടീൽ മഹോത്‌സവം നാടിന്റെ ഉത്സവമായി മാറി. രണ്ടാമത്തെ തവണയാണ് ഈ കാർഷിക കൂട്ടായ്മ നെൽകൃഷി നടത്തുന്നത്. ഞാറ് നടീൽ മഹോത്സവം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രാഘവൻ അടുക്കത്ത് ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് ഉപാധ്യക്ഷ ലളിത കടുകൻവെള്ളി അധ്യക്ഷത വഹിച്ച പരിപാടിയിൽ ജില്ലാ പഞ്ചായത്ത് മെമ്പർ ഷറഫുന്നിസ ടീച്ചർ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സലീന സിദ്ധീഖലി, ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയർ പേഴ്സൺ ഷൈനി തായാട്ട്, ബോക്ക് പഞ്ചായത്ത് മെമ്പർ ഷിൽന ഷിജു, ഇ.എം വാസുദേവൻ ഉൾപ്പെടെ മുഴുവൻ ഗ്രാമ പഞ്ചായത്ത് മെമ്പർമാരും പങ്കെടുത്ത് ആശംസകൾ അർപ്പിച്ചു. ഗ്രൂപ്പ് അഡ്മിൻ ഷാഹുൽ മടവൂർ സ്വാഗതവും കാർഷിക സമിതി കോർഡിനേറ്റർ അനീസ് ബാബു നന്ദിയും പറഞ്ഞു.