സംരംഭക വർഷം
ബ്ലോക്ക് തലത്തിൽ കുന്നമംഗലം ഒന്നാമത്
കേരള സർക്കാരിന്റെ സംരംഭക വർഷ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് ഏറ്റവും കൂടുതൽ സംരംഭങ്ങൾ ആരംഭിച്ച ബ്ലോക്ക് പഞ്ചായത്തായി കുന്നമംഗലം. കുന്നമംഗലം രാജീവ് ഗാന്ധി ഓഡിറ്റോറിയത്തിൽ പി.ടി.എ റഹീം എം.എൽ.എ വിളിച്ചുചേർത്ത മണ്ഡലം തല അവലോകന യോഗത്തിലാണ് ഇത് സംബന്ധിച്ച വിശദാംശങ്ങൾ ലഭ്യമാക്കിയത്.
കേരളത്തിൽ ചുരുങ്ങിയത് ഒരു ലക്ഷം സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾ ആരംഭിച്ചുകൊണ്ട് 3 മുതൽ 4 ലക്ഷം വരെ ആളുകൾക്ക് തൊഴിൽ കൊടുക്കുവാൻ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ വ്യവസായ വകുപ്പ് ബൃഹത്തായ പദ്ധതിയാണ് ആരംഭിച്ചിട്ടുള്ളത്. സംരംഭക വർഷത്തിന്റെ ഭാഗമായി കുന്നമംഗലം നിയോജക മണ്ഡലത്തിലെ ആറ് പഞ്ചായത്തുകളിലും പ്രൊഫഷനൽ യോഗ്യതയുള്ള ഇന്റേണുകളെ നിയമിക്കുകയും സംരംഭകർക്ക് ആവശ്യമായ മാർഗ്ഗ നിർദ്ദേശങ്ങളും സഹായങ്ങളും നൽകി വരികയും ചെയ്യുന്നുണ്ട്.
കുറഞ്ഞ പലിശനിരക്കിൽ ലോണുകൾ, വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട സംശയ ദൂരീകരണത്തിനും പ്രശ്ന പരിഹാരത്തിനുമായി അതാത് വിഷയങ്ങളിലെ വിദഗ്ധരെ എം.പാനൽ ചെയ്ത എം.എസ്.എം.ഇ ക്ലിനിക്, ഉൽപാദന മേഖലയിലെ സംരംഭങ്ങൾക്ക് സബ്സിഡി, പ്രത്യേക ഹെൽപ്പ് ഡെസ്ക്കുകൾ, വൺ ലോക്കൽ ബോഡി വൺ പ്രോഡക്റ്റ്, ഒരു കുടുംബത്തിൽ ഒരു സംരംഭം തുടങ്ങിയ വിവിധ പദ്ധതികളിലൂടെ കുന്നമംഗലം മണ്ഡലത്തിൽ സംരംഭക വർഷത്തിന്റെ മുഴുവൻ സാധ്യതകളും ഉപയോഗപ്പെടുത്തുന്നതിനുള്ള നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്.
പി.ടി.എ റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്തു. കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബാബു നെല്ലൂളി അധ്യക്ഷത വഹിച്ചു. കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സജിത പൂക്കാടൻ മുഖ്യാതിഥിയായി. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരായ ഓളിക്കൽ ഗഫൂർ, ടി രഞ്ജിത്ത്, എം.കെ സുഹറാബി, പി ശാരുതി, വൈസ് പ്രസിഡണ്ടുമാരായ മുംതാസ് ഹമീദ്, വി അനിൽകുമാർ, സി ഉഷ, ജില്ലാ വ്യവസായ കേന്ദ്രം ക്രെഡിറ്റ് മാനേജർ കെ ഗിരീഷ്, എം സെലീന, ബ്ലോക്ക് വ്യവസായ ഓഫീസർമാരായ പി വിപിൻദാസ്, വി മുഹമ്മദ് തുടങ്ങിയവർ സംസാരിച്ചു. ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ ബിജു പി എബ്രഹാം സ്വാഗതവും അസി. ഡിസ്ട്രിക്ട് ഇൻഡസ്ട്രീസ് ഓഫീസർ സി.ജെ ജയിൻ നന്ദിയും പറഞ്ഞു.