കൂളിമാട് - കളൻതോട് റോഡ്: ടാറിങ് തകർന്ന സംഭവത്തിൽ വിജിലൻസ് അന്വേഷണം തുടങ്ങി. ഇതിൻ്റെ ഭാഗമായി വിജിലൻസ് ഉദ്യോഗസ്ഥർ റോഡിൽ പരിശോധന നടത്തി. യൂത്ത് കോൺഗ്രസ് പ്രവർത്തകർ നൽകിയ പരാതിയിലാണ് അന്വേഷണം. വിജിലൻസ് കോഴിക്കോട് യൂണിറ്റ് എ.എസ്.ഐ ഗിരീഷ്, സീനിയർ സിവിൽ പോലീസ് ഓഫീസർ റിനീഷ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം. നവീകരണം മുടങ്ങിയ റോഡിൽ യാത്ര ദുഷ്കരമായതിനെതുടർന്നാണ് പി.ടി.എ. റഹീം എം.എൽ.എ അനുവദിച്ച 30 ലക്ഷം രൂപ വിനിയോഗിച്ച് ഈ വർഷം ഫെബ്രുവരിയിൽ അറ്റകുറ്റപണി നടത്തിയത്. എന്നാൽ, മാസങ്ങൾക്കകം കാലവർഷത്തിൽ ടാറിങ് തകരുകയായിരുന്നു. ഇടക്ക് ക്വാറിവേസ്റ്റ് ഉപയോഗിച്ച് കുഴികൾ അടച്ചെങ്കിലും ഫലം ഉണ്ടായില്ല. തുടർന്നാണ് വിജിലൻസിന് പരാതി നൽകിയത്. കൂളിമാട് അങ്ങാടിയോട് ചേർന്നുള്ള ഭാഗത്ത് കുഴികൾ നിറഞ്ഞ് യാത്ര തീർത്തും ദുഷ്കരമാണ്. ഈ ഭാഗത്താണ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്.