വെള്ള വടി;
കാഴ്ച പരിമിതരുടെ സഞ്ചാര സ്വാതന്ത്ര്യ പ്രതീകം
കാഴ്ചയില്ലാത്തവരുടെ ജീവിതത്തില്‍ വെള്ള വടിയുടെ പ്രാധാന്യത്തെക്കുറിച്ച് ഓര്‍മ്മിപ്പിക്കുന്ന ദിനം കാഴ്ചയില്ലാത്തവരുടെ സഞ്ചാര സ്വാതന്ത്ര്യ പ്രതീകമാണിതെന്ന് പൊതുസമൂഹത്തെ അറിയിക്കാനും കൂടിയാണ്. 1921 ല്‍ ബ്രിസ്‌റ്റോളിലെ ജെയിംസ് ബിഗ്‌സ് ആണ് ആദ്യമായി വെള്ള വടി ഉപയോഗിച്ചത്. അന്ന് മരത്തിന്റെ വടികളായിരുന്നു. പിന്നീട് രണ്ടാം ലോക യുദ്ധാനന്തരം പരിക്കേറ്റവര്‍ക്ക്‌വേണ്ടി സ്ഥാപിച്ച പെന്‍സില്‍വാനിയ ആശുപത്രിയിലെ കാഴ്ച നഷ്ടപ്പെട്ടവരുടെ പുനരധിവാസത്തിന് നേതൃത്വം കൊടുത്ത ഡോ. റിച്ചാര്‍ഡ് ഇ ഹ്യുവര്‍ ഭാരം കുറഞ്ഞ അലുമിനിയം വടികളാണ് കൂടുതല്‍ ഉപകാരപ്രദമെന്ന് കണ്ടെത്തി രൂപകല്‍പന ചെയ്തത്. വ്യക്തിയുടെ നെഞ്ച് വരെ നീളമുണ്ടാകും ഈ വടികള്‍ക്ക്. രണ്ടടി മുന്നോട്ട് തട്ടിയാണ് നടക്കേണ്ടത്. വലത് കാല്‍ മുന്നോട്ട് വെക്കുമ്പോള്‍ ഇടതുകാലിന്മുമ്പില്‍ വടിവെക്കണം. ഇടത് കാല്‍ മുന്നോട്ട് വെക്കുമ്പോള്‍ വലത് ഭാഗത്തും. പെരുവിരലും മറ്റു മൂന്ന് വിരല്‍കൊണ്ട് ചുറ്റിപ്പിടിച്ച് ചൂണ്ടുവിരല്‍ വടിയോട് ചേര്‍ത്ത്പിടിച്ച് നടക്കുമ്പോള്‍ പ്രതലത്തിന്റെ വിശദാംശങ്ങള്‍ വടിയിലൂടെ വിരലുകളറിയും. പ്രത്യേക പരിശീലനം ലഭിച്ചവരില്‍നിന്നും ലഭിക്കുന്ന ഇതിന്റെ ഉപയോഗം അനായാസമാക്കും. കേരളത്തില്‍ കാഴ്ച പരിമിതര്‍ ഏറെ പ്രതിസന്ധികള്‍ സഞ്ചാര സ്വാതന്ത്ര്യത്തിലും നേരിടുന്നുണ്ട്. പൊട്ടിപ്പൊളിഞ്ഞ റോഡുകള്‍, നടപ്പാതകള്‍, ബോര്‍ഡുകള്‍, കച്ചവടങ്ങള്‍, അശ്രദ്ധമായി കെട്ടിയ കമ്പികള്‍, തോരണങ്ങള്‍, പാതയോരങ്ങളിലെ അനധികൃത പാര്‍ക്കിംഗുകള്‍ എല്ലാം ഭീഷണിയാണ്.
കാഴ്ചയില്ലാത്തവര്‍ക്കും മറ്റ് വികലാംഗര്‍ക്കും സ്വതന്ത്ര സഞ്ചാരത്തിന്‌വേണ്ട സൗകര്യങ്ങള്‍ ആവിഷ്‌കരിച്ച് നടപ്പാക്കുന്നതിന് രാജ്യത്ത് 1995 ല്‍ നിയമം പാസാക്കിയിട്ടുണ്ടെങ്കിലും ഇതുവരെ നടപ്പാക്കിയിട്ടില്ല. പരാശ്രയമില്ലാതെ നടക്കാന്‍ കാഴ്ചയില്ലാത്തവരെ പര്യാപ്തമാക്കാനാണ് വെള്ള വടി ഉപയോഗിക്കുന്നത്. വെള്ള വടി ഒരു സൂചനയാണ്. അത് പിടിച്ചുനടക്കുന്നവരെ കണ്ടാല്‍ കാഴ്ചയില്ലാത്ത ആളാണെന്ന് സമൂഹം തിരിച്ചറിയണം. ആനകൂല്യങ്ങളേക്കാള്‍ ഭിന്നശേഷിക്കാര്‍ ആഗ്രഹിക്കുന്നത് ‘സഹജീവി’ എന്ന പരിഗണനയാണ്. ഞങ്ങളെയും നിങ്ങളിലൊരാളായി പരിഗണിക്കു എന്നതാണ് അവര്‍ ആവശ്യപ്പെടുന്നത്. തങ്ങള്‍ പൊതുസമൂഹത്തിന് തുല്യരാണ് എന്ന നിശ്ചയദാര്‍ഢ്യമാണ് വൈറ്റ്‌കെയിന്‍ അവര്‍ക്ക് നല്‍കുന്നസ്വാതന്ത്ര്യബോധത്തിന്റെ പ്രഖ്യാപനം കൂടിയാണിത്. ഇപ്പോള്‍ സങ്കേതിക വിദ്യയുടെ വളര്‍ച്ചക്കൊപ്പം സ്മാര്‍ട്ട് കെയിനും ലഭ്യമാണ്. ഉയരങ്ങളിലുള്ള വസ്തുവിനെ തിരിച്ചറിയാന്‍ കഴിയാത്തതാണ് സാധാരണ വൈറ്റ്‌കെയ്ന്‍ നേരിടുന്ന ബുദ്ധിമുട്ട്. ഉയരത്തിലുള്ള വസ്തുക്കള്‍, തള്ളിനില്‍ക്കുന്ന ഫര്‍ണിച്ചര്‍, മരത്തിന്റെ ശാഖകള്‍, കേബിളുകള്‍, കമ്പികള്‍ ഇവയെല്ലാം സാധാരണ വൈറ്റ്‌കെയ്ന്‍ ഉപയോഗിച്ചുള്ള പ്രയാണത്തില്‍ വലിയ തടസ്സങ്ങളാണ്. അതിനുള്ള പരിഹാരമായാണ് മൂന്ന് മീറ്റര്‍ ഉയരത്തില്‍ വരെയുള്ള വസ്തുക്കളെ തിരിച്ചറിയാന്‍ സഹായിക്കുന്ന ‘സ്മാര്‍ട്ട് കെയ്‌നു’കളുടെ കണ്ടുപിടിത്തം. അള്‍ട്രാസൗണ്ട് പുറപ്പെടുവിക്കുകയും അതിന്റെ പ്രതിധ്വനി ഉപയോഗിച്ച് കെയ്‌നില്‍ ഇടത്തോട്ടോ വലത്തോട്ടോ തിരിയാനുള്ള വൈബ്രേഷനുകള്‍ നല്‍കുകയും ചെയ്യുന്ന സ്മാര്‍ട്ട് കെയ്‌നുകള്‍ ഇപ്പോള്‍ വിപണിയില്‍ ഉണ്ട്. ഇതിനുപുറമേ, സെന്‍സറുകളും സ്‌കാനറുകളും ഹെഡ്ഗിയറുകളും അടക്കമുള്ളവയാണ് സ്മാര്‍ട്ട് കെയ്‌നുകള്‍. വിവരസാങ്കേതിക വിദ്യയുടെ എല്ലാ സാധ്യതകളും പ്രയോജനപ്പെടുത്തിയുള്ള അത്യാധുനിക സ്മാര്‍ട്ട് കെയ്‌നുകള്‍ വിദേശരാജ്യങ്ങളിലുണ്ട്. എന്നാല്‍, താങ്ങാനാവാത്ത വിലയാണ് കേരളത്തിലെ സാധാരണക്കാരെ ഇതില്‍നിന്ന് അകറ്റിനിര്‍ത്തുന്നത്. സാധാരണ വൈറ്റ്‌കെയ്‌നുകള്‍ 500 രൂപയില്‍ താഴെ വിലക്ക് കിട്ടും.
ലോകത്ത് എല്ലായിടത്തും കാഴ്ചയില്ലാത്തവര്‍ അഭിമാനത്തോടെ കൊണ്ടുനടക്കുന്ന വൈറ്റ് കെയ്ന്‍ പക്ഷേ, കേരളത്തില്‍ പ്രചാരത്തിലേക്ക് എത്തുന്നതേയുള്ളൂ. വൈറ്റ്‌കെയ്‌ന്റെ ഉപയോഗത്തെയും ഗുണങ്ങളെയും കുറിച്ച് ശരിയായ ബോധവത്കരണം ഇവിടെ നടക്കുന്നില്ല. കേരളത്തില്‍ 60 ശതമാനം പേരും വൈറ്റ് കെയ്ന്‍ ഉപയോഗിക്കുന്നില്ല. നീളമുള്ള വടി അസൗകര്യമായി കാണുവരാണ് അധികം. ഭിന്നശേഷിക്കാര്‍ പഠിക്കുന്ന സ്‌കൂളുകളിലും ബോധവത്കരണം വേണ്ടത്ര നടക്കുന്നില്ല. കാഴ്ചയില്ലാത്തവര്‍ അഭിമുഖീകരിക്കുന്ന വിവിധ പ്രശ്‌നങ്ങളെയും കാഴ്ചയില്ലാത്തവരുടെ വിവിധ കഴിവുകളെയും സമൂഹത്തിന്റെയും സര്‍ക്കാരുകളുടെയും ശ്രദ്ധയാകര്‍ഷിക്കുകയുമാണ് ഈ ദിനാചരണം കൊണ്ട് ലക്ഷ്യമാക്കുന്നത്.