കാക്കേരി പാലം പ്രവൃത്തി വിലയിരുത്തി
കുന്ദമംഗലം ഗ്രാമപഞ്ചായത്തിനെ ചാത്തമംഗലം ഗ്രാമപഞ്ചായത്തുമായി
ബന്ധിപ്പിക്കുന്ന കാക്കേരി പാലത്തിന്റെ നിർമ്മാണം അന്തിമ ഘട്ടത്തിലേക്ക്. പാലം പ്രവൃത്തിയുടെ പുരോഗതി പി.ടി.എ റഹീം എം.എൽ.എയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥ സംഘം വിലയിരുത്തി.
വാഹനങ്ങള്‍ക്ക് കടന്നുപോവാന്‍ പറ്റാത്ത ഒരു ചെറിയ നടപ്പാലമായിരുന്നു നേരത്തേ കാക്കേരിയിൽ
ഉണ്ടായിരുന്നത്. ബി.വി അബ്ദുള്ളകോയയുടെ എം.പി ഫണ്ടില്‍ നിന്ന് തുക ചെലവഴിച്ച്
നിര്‍മ്മിച്ച നടപ്പാലം 2018 ലെ പ്രളയത്തില്‍ ഒലിച്ചുപോയതോടെ രണ്ട് പ്രദേശങ്ങൾ തമ്മിലുള്ള ബന്ധം പൂര്‍ണ്ണമായും അറ്റുപോയിരുന്നു. ഒലിച്ചു പോയ പാലത്തിന് പകരം വാഹനങ്ങള്‍ക്ക്
കടന്നു പോവാന്‍ സാധിക്കുന്ന ഒരു വലിയ പാലം നിര്‍മ്മിക്കണമെന്ന പ്രദേശവാസികളുടെ
ആവശ്യത്തെത്തുടര്‍ന്നാണ് 2019-20 ബഡ്ജറ്റില്‍ പാലം നിര്‍മ്മാണത്തിന് സംസ്ഥാന ബഡ്ജറ്റില്‍ തുക
വകയിരുത്തിയത്. തുടര്‍ന്ന് വിശദമായ എസ്റ്റിമേറ്റും രൂപരേഖയും സര്‍ക്കാരില്‍
സമര്‍പ്പിക്കുകയും പാലം നിര്‍മ്മാണത്തിന് 4.6 കോടി രൂപയുടെ ഭരണാനുമതി ലഭ്യമാക്കുകയുമായിരുന്നു.
കുന്ദമംഗലം ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേർസൺമാരായ ചന്ദ്രൻ തിരുവലത്ത്, യു.സി പ്രീതി, മെമ്പർ ടി ശിവാനന്ദൻ, പൊതുമരാമത്ത് പാലങ്ങൾ വിഭാഗം ചീഫ് എഞ്ചിനീയർ എം അശോക് കുമാർ, സൂപ്രണ്ടിംഗ് എഞ്ചിനീയർ പി.കെ മിനി, എക്സി. എഞ്ചിനീയർ ബി അജിത് കുമാർ, അസി. എക്സി. എഞ്ചിനീയർ എൻ.വി ഷിനി, അസി. എഞ്ചിനീയർ എൻ ബൈജു തുടങ്ങിയവർ സന്നിഹിതരായിരുന്നു.