എ.ടി.ഉമ്മർ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
ചലച്ചിത്ര സംഗീതസംവിധായകൻ എ.ടി.ഉമ്മർ അനുസ്മരണവേദിയുടെ എ.ടി.ഉമ്മർ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. രാജ്യം പത്മശ്രീ നൽകി ആദരിച്ച കൈതപ്രം ദാമോദരൻ നമ്പൂതിരി, ഇന്ത്യയിൽ ഏറ്റവും കൂടുതൽ ബിരുദാനന്തര ബിരുദങ്ങൾ (13) നേടിയ വനിത കോഴിക്കോട്ടെ ബാബുരാജ് മെമ്മോറിയൽ മ്യൂസിക് അക്കാദമി പ്രിൻസിപ്പാൾ ഡോക്ടർ കെ.എക്സ്.ട്രീസ ടീച്ചർ, ഹ്യൂമൻറൈറ്റ്സ് ഫൗണ്ടേഷൻ (ഡൽഹി) നാഷണൽ വൈസ് ചെയർമാനും കണ്ണൂരിലെ എയറോസിസ് കോളേജ് എം.ഡി.യുമായ ഡോക്ടർ ഷാഹുൽ ഹമീദ്, അറുപതോളം പുസ്തകങ്ങൾ രചിച്ച കവിയും ഗാനരചയിതാവും നോവലിസ്റ്റും നാടകകൃത്തുമായ ബേപ്പൂർ മുരളീധര പണിക്കർ എന്നിവരെ ബഹുമുഖ പ്രതിഭാ പുരസ്കാരങ്ങൾക്ക് തിരഞ്ഞെടുത്തു.
ഡോക്ടർ ഒ.എസ്.രാജേന്ദ്രൻ രചിച്ച 'പാത്തുമ്മേടെ ചിരി' പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ച മികച്ച ആദ്യകഥാസമാഹാരത്തിനും, കണ്ണൂർ ഡിടിപിസിക്കുവേണ്ടി ഡോക്ടർ സി.വി.രഞ്ജിത്ത് സംവിധാനവും സംഗീതവും നിർവ്വഹിച്ച 'സോംഗ് ഓഫ് കണ്ണൂർ - ഹെവൻ ഓഫ് ടൂറിസം' മികച്ച മ്യൂസിക്കൽ വീഡിയോ ആൽബത്തിനുമുള്ള എ.ടി.ഉമ്മർ പുരസ്കാരങ്ങൾക്ക് അർഹമായി.
ചലച്ചിത്ര നിർമ്മാതാവ് പി.വി.ഗംഗാധരൻ ചെയർമാനും സംവിധായകൻ മോഹൻ കുപ്ലേരി, മലയാള മനോരമ മുൻ അസിസ്റ്റന്റ് എഡിറ്ററും സാഹിത്യകാരനുമായ കെ.എഫ്. ജോർജ്, എ.ടി.ഉമ്മറിന്റെ ഭാര്യ ഹഫ്സത്ത്, മകൻ അമർ ഇലാഹി എന്നിവർ അംഗങ്ങളുമായ ജൂറിയാണ് അവാർഡ് ജേതാക്കളെ തിരഞ്ഞെടുത്തത്.