പെരുവയൽ ഗ്രാമപഞ്ചായത്തിൽ കേരഗ്രാമം പദ്ധതി നടപ്പിലാക്കാൻ തീരുമാനം: പി.ടി.എ റഹീം എം.എൽ.എ
പെരുവയൽ ഗ്രാമപഞ്ചായത്തിനെ കേരഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്തി സർക്കാർ തീരുമാനമായതായി പി.ടി.എ റഹീം എം.എൽ.എ അറിയിച്ചു. കുന്ദമംഗലം നിയോജക മണ്ഡലത്തിൽ നിന്നും ചാത്തമംഗലം, പെരുമണ്ണ, കുന്ദമംഗലം, ഒളവണ്ണ ഗ്രാമപഞ്ചായത്തുകളെ നേരത്തേ കേരഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്തിയിരുന്നു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ അതാത് പ്രദേശത്തിന് അനുയോജ്യമായ തെങ്ങുകൃഷി പരിപാലത്തിനുള്ള വിവിധ പ്രവര്‍ത്തനങ്ങളാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. രോഗം ബാധിച്ചതും കായ്ഫലം കുറഞ്ഞതും പ്രായാധിക്യമുള്ളതുമായ തെങ്ങുകള്‍ മുറിച്ചുമാറ്റി പകരം ഗുണമേന്മയുള്ള തെങ്ങിന്‍തൈകള്‍ വെച്ചുപിടിപ്പിക്കുക, സബ്സിഡി നിരക്കില്‍ കുമ്മായം, ജൈവവളം, രാസവളം, കീടനാശിനി എന്നിവ കര്‍ഷകര്‍ക്ക് ലഭ്യമാക്കുക, ജലസേചന സൗകര്യം മെച്ചപ്പെടുത്തുന്നതിന് തെങ്ങിന്‍തോപ്പുകളില്‍ കിണര്‍, പമ്പ്സെറ്റ്, സൂഷ്മ ജലസേചനം, മഴവെള്ള സംഭരണം, ജൈവവള നിര്‍മ്മാണത്തിന് കമ്പോസ്റ്റ് യൂണിറ്റുകള്‍, തെങ്ങുകയറ്റ യന്ത്രങ്ങള്‍ എന്നിവ സബ്സിഡി നിരക്കില്‍ ലഭ്യമാക്കുക, ഇടവിള കൃഷി പ്രോത്സാഹിപ്പിച്ച് കര്‍ഷകരുടെ വരുമാനം വര്‍ദ്ധിപ്പിക്കുക, കേരസമിതികൾക്ക് ധനസഹായം, കൃഷിഭവനുള്ള പ്രവർത്തന ഫണ്ട് തുടങ്ങിയവയാണ് പദ്ധതിയിലൂടെ നടപ്പാക്കുന്ന പ്രധാന പ്രവര്‍ത്തനങ്ങളെന്നും എം.എൽ.എ പറഞ്ഞു.