പെരുവയലിൽ അതിദരിദ്രർക്ക് സൗജന്യ മരുന്നിന് സ്ഥിരം സംവിധാനം
അതിദരിദ്ര കുടുംബത്തിലെ രോഗികൾക്ക് സൗജന്യ മരുന്ന് ഉറപ്പാക്കുന്നതിന് പെരുവയൽ ഗ്രാമ പഞ്ചായത്തിൽ പ്രത്യേക പദ്ധതി. അതിദരിദ്ര സർവ്വെയിലൂടെ കണ്ടെത്തിയ കുടുംബങ്ങളുടെ സംരക്ഷണം ഏറ്റെടുക്കുന്നതിന്റെ ഭാഗമായുള്ള വിവിധ ഇടപെടലുകളുടെ തുടക്കമായാണ് ആരോഗ്യം ഉറപ്പാക്കുന്ന പദ്ധതി. മറ്റു പദ്ധതികളും വൈകാതെ ആരംഭിക്കും.
92 അതി ദരിദ്ര കുടുംബങ്ങളാണ് പഞ്ചായത്തിലുളളത്. ഇതിൽ ആരോഗ്യ പ്രശ്നങ്ങളുളള 53 പേർക്കായി പ്രത്യേക ആരോഗ്യ ക്യാമ്പ് സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം.കെ. സുഹറാബി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് അനീഷ് പാലാട്ട് അദ്ധ്യക്ഷത വഹിച്ചു.
സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ പി.കെ.ഷറഫുദ്ദീൻ, സീമ ഹരീഷ്, മെമ്പർ അനിത പുനത്തിൽ, മെഡിക്കൽ ഓഫീസർ ഡോ. ജയരാജൻ സംബന്ധിച്ചു.