സാമൂഹ്യ പുരോഗതിയുടെ വഴി തേടി പട്ടിക ജാതി ഗ്രാമസഭ
പിന്നോക്കത്തിന്റെ കയ്പ്പനുഭവങ്ങളിൽ നിന്നും സാമൂഹ്യ മുന്നേറ്റത്തിനുള്ള വഴി തേടി പട്ടികജാതി കുടുംബങ്ങൾ ഒത്തു ചേർന്നു. പെരുവയൽ ഗ്രാമ പഞ്ചായത്ത് ഇരുപത്തി ഒന്നാം വാർഡിൽ സംഘടിപ്പിച്ച പട്ടിക ജാതി ഗ്രാമ സഭയാണ് വേറിട്ട ചർച്ചകൾക്ക് വേദിയായത്. പട്ടിക ജാതി വിഭാഗങ്ങൾക്കായി നിരവധി ഫണ്ടുകളും പദ്ധതികളും നടപ്പാക്കുന്നുണ്ടെങ്കിലും ലക്ഷ്യത്തിന്റെ അരികിലെത്താൻ സാധിക്കാത്ത സ്ഥിതിയാണെന്ന് ഗ്രാമസഭ വിലയിരുത്തി. മിക്ക ആനുകൂല്യങ്ങളും അർഹരിൽ എത്തുന്നില്ല. അജ്ഞതയും സങ്കീർണ്ണതകളും ഇതിന് തടസ്സമാകുന്നു. വാർഡിലെ അർഹരായ മുഴുവൻ പേർക്കും ആനുകൂല്യങ്ങൾ ഉറപ്പാക്കുന്നതിന് പട്ടിക ജാതി സപ്പോർട്ടിംഗ് കമ്മിറ്റിക്ക് ഗ്രാമ സഭ രൂപം നൽകി. ഇതര ജാതിയിലുളളവർക്ക് സ്കൂൾ രേഖകൾ ജാതി സർട്ടിഫിക്കാറ്റായി പരിഗണിക്കുമ്പോൾ പട്ടിക വിഭാഗങ്ങൾക്ക് പ്രത്യേക ജാതി സർട്ടിഫിക്കറ്റ് വാങ്ങിക്കേണ്ട സ്ഥിതിയാണ്. സ്കൂൾ സർട്ടിഫിക്കറ്റ് പട്ടിക വിഭാഗങ്ങൾക്കും ജാതി രേഖയായി പരിഗണിക്കണമെന്നും പഠനവീട് ഉൾപ്പെടെയുള്ള വിദ്യാഭ്യാസ ആനുകൂല്യങ്ങൾ അർഹരായ എല്ലാ വിദ്യാർത്ഥികൾക്കും ഉറപ്പാക്കണമെന്നും ഗ്രാമസഭ ആവശ്യപ്പെട്ടു.