ഉന്നതി ഹെഡ് ടോക്ക് വേറിട്ട അനുഭമായി
കൊടുവള്ളി:
നിയോജകമണ്ഡലത്തിൽ ഡോ. എം.കെ. മുനീർ എം.എൽ. എ നടപ്പാക്കുന്ന ഉന്നതി ജനകീയ വിജ്ഞാന മുന്നേറ്റം പദ്ധതിയുടെ ഭാഗമായി ഹെഡ് ടോക്ക് പ്രോഗ്രാം വിദ്യാർത്ഥികൾക്ക് വേറിട്ട അനുഭവമായി. ഷബാന ഫൈസൽ ഫൗണ്ടേഷൻ ചെയർമാൻ ഫൈസൽ കോട്ടിക്കുളം, ശബാന ഫൈസൽ എന്നിവർ വിദ്യാർത്ഥികളുമായി സംവദിച്ചു. പ്രൈമറി സ്കൂൾ മുതൽ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ വരെ ഉന്നതി പ്രൊജക്ടിൻ്റെ ഭാഗമാവും. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻറിൻ്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.
വിദ്യാർത്ഥികൾക്ക് തൊഴിൽ മേഖലകൾ കണ്ടെത്താനുള്ള അഭിരുചി പരീക്ഷകളും മാർഗനിർദ്ദേശങ്ങളും നൽകി ദേശീയ അന്തർദേശീയ മേഖലകളിൽ തൊഴിൽ ലഭിക്കുന്നതിന് കൊടുവള്ളി മണ്ഡലത്തിലെ യുവതലമുറയെ പ്രാപ്തമാക്കുകയാണ് ഉന്നതി പദ്ധതിയുടെ പ്രധാന ലക്ഷ്യം. വിവിധ വിദ്യാഭ്യാസ തൊഴിൽ മേഖലകളെ കുറിച്ച് ശാസ്ത്രീയമായി പഠനം നടത്തി ജനപ്രതിനിധികളുടെയും പൊതുജനങ്ങളുടെയും പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്. ഉന്നതി ഹെഡ് ടോക്ക് വർഷത്തിൽ രണ്ട് തവണ നടക്കുന്നതാണ് . പ്രശസ്തരായ വിദ്യാഭ്യാസ വിചക്ഷകർ, സംരഭകർ, ശാസ്ത്രജ്ഞന്മാർ , വ്യവസായ പ്രമുഖർ എന്നിവർ സെമിനാറുകൾ നയിക്കും. തെരെഞ്ഞെടുത്ത കോളേജ് വിദ്യാർത്ഥികൾ,സ്കൂൾ വിദ്യാർത്ഥികൾ ഹെഡ് ടോക്കിൽ പങ്കാളികളായി. വിവിധ കോളേജ് സ്കൂൾ വിദ്യാർത്ഥികൾ മുഖാമുഖത്തിൽ പങ്കെടുത്തു.വിദ്യാർത്ഥികൾ കൂടാതെ ജനപ്രതിനിധിളും പൊതുജനങ്ങളും പരിപാടിയിൽ സംബന്ധിച്ചു.ഡോ. എം.കെ. മുനീർ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ഫിലിപ്പ് തോമസ് പ്രസംഗിച്ചു.