പുതിയ സിമ്മിൽ 24 മണിക്കൂർ എസ്എംഎസ് വിലക്കാൻ കേന്ദ്ര ഉത്തരവ്
പുതിയ സിം കാർഡുകൾ ആക്ടിവേറ്റ് ചെയ്തതിന് ശേഷം 24 മണിക്കൂർ നേരത്തേക്ക് എസ്എംഎസ് സൗകര്യം (ഇൻകമിങ്, ഔട്ട്‌ഗോയിങ്) വിലക്കാൻ ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പ് (DoT) ടെലികോം കമ്പനികളോട് ഉത്തരവിട്ടു. സിം നഷ്ടപ്പെടുകയോ കേടുവരികയോ ചെയ്യുമ്പോൾ ഇതേ നമ്പറില്‍ ഡ്യൂപ്ലിക്കേറ്റ് സിം വാങ്ങുമ്പോഴും എസ്എംഎസ് വിലക്ക് ബാധകമാണ്. ഇത് നടപ്പിലാക്കാൻ ടെലികോം ഓപ്പറേറ്റർമാർക്ക് 15 ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്.
ഓൺലൈൻ തട്ടിപ്പിന്റെ അപകടസാധ്യത മുൻനിര്‍ത്തിയാണ് പുതിയ നീക്കം. സിം അപ്‌ഗ്രേഡ്, റീഇഷ്യൂ, സ്വാപ്പ് റിക്വസ്റ്റ് എന്നിവയ്ക്കെല്ലാം അപേക്ഷിക്കുമ്പോൾ സ്വീകരിക്കേണ്ട നടപടിക്രമങ്ങൾ നേരത്തേതന്നെ ഡോട്ട് വ്യക്തമാക്കിയിട്ടുണ്ട്. വ്യാജ കോളുകൾ വഴിയോ ഫിഷിങ് വഴിയോ തട്ടിപ്പുകാർ ഒരു ഉപഭോക്താവിനെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുകയും ഇതേ നമ്പറിൽ പുതിയ സിം കാർഡിനായി ടെലികോം സേവന ദാതാവിനെ സമീപിക്കുകയും ചെയ്യുമ്പോഴാണ് സിം സ്വാപ്പ് തട്ടിപ്പ് നടക്കുന്നത്.
അപ്‌ഗ്രേഡേഷൻ സന്ദർഭങ്ങളിൽ പുതിയ സിം കാർഡുകൾ നൽകുന്നതിന് ഉപഭോക്താക്കളുടെ വ്യക്തമായ സമ്മതം തേടുന്നതിന് 2016ലും 2018ലും വിശദമായ നടപടിക്രമ പരിഷ്‌കാരങ്ങൾ ഡോട്ട് പുറപ്പെടുവിച്ചിരുന്നു. വ്യാജ തിരിച്ചറിയൽ രേഖ നൽകി പുതിയ സിം എടുക്കുന്ന രീതിയാണ് സിം സ്വാപ്പിങ്. പുതിയ സിം ലഭിക്കുന്നതോടെ ആദ്യ സിം ബ്ലോക്കാവും. ഇതോടെ തട്ടിപ്പുകാരന്റെ സിം പ്രവർത്തിച്ചു തുടങ്ങുകയും ചെയ്യും. പുതിയ സിം ആക്ടിവേറ്റ് ചെയ്തു കഴിഞ്ഞാൻ ആ നമ്പറിലേക്ക് ഒടിപി ലഭിച്ചു തുടങ്ങും. ഇതോടെ തട്ടിപ്പുകാരന് എല്ലാ അക്കൗണ്ടുകളിലേക്കും പ്രവേശനം ലഭിക്കും, പണവും വിലപ്പെട്ട വിവരങ്ങള്‍ ചോർത്തുകയും ചെയ്യാം. എന്നാൽ, പുതിയ സിമ്മിന് 24 മണിക്കൂർ എസ്എംഎസ് വിലക്ക് വരുന്നതോടെ സിമ്മിന്റെ യഥാർഥ ഉടമയ്ക്ക് പരാതി നൽകാനും വ്യാജ സിം ബോക്ക് ചെയ്യാനും സാധിക്കും.
ഇന്ത്യയിലെ ടെലികോം, ഇന്റര്‍നെറ്റ് മേഖലകളില്‍ സമൂലമായ പൊളിച്ചെഴുത്താണ് കേന്ദ്ര സർക്കാർ പരിഗണിക്കുന്നതെന്നാണ് സൂചന. രാജ്യത്ത് ഇപ്പോള്‍ ഈ മേഖലകളിലെ കേസുകള്‍ പരിഗണിക്കുന്നത് 137 വര്‍ഷം പഴക്കമുള്ള ഇന്ത്യന്‍ ടെലഗ്രാഫ് ആക്ട് അനുസരിച്ചാണ്. അതിനാല്‍ പൊളിച്ചെഴുത്ത് അനിവാര്യമാണെന്നും കാണാം. ടെലഗ്രാഫ് ആക്ടിനൊപ്പം, 1933 കൊണ്ടുവന്ന വയര്‍ലെസ് ടെലഫോണി ആക്ട്, 1950 ല്‍ നിലവില്‍വന്ന ടെലഗ്രാഫ് വയര്‍ലെസ് (അണ്‍ലോഫുള്‍ പൊസഷന്‍) ആക്ട് എന്നിവയെയും അപ്രസക്തമാക്കാനും ഉദ്ദേശിക്കുന്നു. അതീവ ഗൗരവമേറിയ മാറ്റങ്ങളാണ് കേന്ദ്രം കൊണ്ടുവരാന്‍ ഒരുങ്ങുന്ന പുതിയ ബില്ലിലുള്ളത്. അതിന്റെ കരടു രൂപമാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.
സെപ്റ്റംബറിൽ പുറത്തുവിട്ടിട്ടുള്ള കരടു രേഖയിന്മേല്‍ അര്‍ഥവത്തായ ചര്‍ച്ചകള്‍ നടത്തുക എന്നതായിരിക്കും അടുത്ത ഘട്ടമെന്ന് കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ് നേരത്തേ പറഞ്ഞിരുന്നു. തുടര്‍ന്ന് ബില്‍ പാര്‍ലമെന്റിലെത്തും, ഏകദേശം 6-10 മാസത്തിനുള്ളില്‍ ഇത് പാസാക്കിയെടുക്കാനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പുതിയ ബില്ലില്‍ പരിഗണിക്കുന്ന സുപ്രധാന മാറ്റങ്ങളിലൊന്ന് ഇന്ത്യയില്‍ ആരെങ്കിലും മൊബൈല്‍ സിം എടുക്കാനോ മറ്റു ടെലികോം സേവനങ്ങള്‍ക്കോ വ്യാജ രേഖകള്‍ നല്‍കി എന്നു കണ്ടെത്തിയാല്‍ 1 വര്‍ഷം വരെ തടവ് നല്‍കാനുള്ള വകുപ്പാണെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.