പുതിയ ഫീച്ചറുമായി വാട്സ്ആപ്പ്:
വോയിസ് നോട്ടുകളും ഇനി സ്റ്റാറ്റസാക്കാം
വാട്സ്ആപ്പ് യൂസർമാരുടെ ഇഷ്ട ഫീച്ചറാണ് 'സ്റ്റാറ്റസ്'. നിലവിൽ ടെക്സ്റ്റുകളും ചിത്രങ്ങളും വിഡിയോകളും വാട്സ്ആപ്പിൽ സ്റ്റാറ്റസായി വെക്കാനുള്ള ഓപ്ഷനുകളുണ്ട്. എന്നാൽ, പുതിയ അപ്ഡേറ്റിലൂടെ ശബ്ദ സന്ദേശങ്ങളും സ്റ്റാറ്റസ് ആയി വെക്കാനാകുള്ള ഫീച്ചർ കൊണ്ടുവരികയാണ് വാട്സ്ആപ്പ്. പ്രമുഖ വാട്സ്ആപ്പ് ഫീച്ചർ ട്രാക്കറായ WaBetaInfo ആണ് പുതിയ സവിശേഷതയെ കുറിച്ച് സൂചന നൽകിയിരിക്കുന്നത്.
30 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വോയിസ് നോട്ടുകളാണ് സ്റ്റാറ്റസ് രൂപത്തില്‍ പങ്കുവെക്കാന്‍ സാധിക്കുക. അതേസമയം, ഒരു ഉപയോക്താവ് തിരഞ്ഞെടുക്കുന്ന ആളുകളുമായി മാത്രമേ വോയ്‌സ് സ്റ്റാറ്റസ് അപ്‌ഡേറ്റുകൾ പങ്കിടാൻ സാധിക്കുകയുള്ളൂ. അതിനായി പ്രൈവസി സെറ്റിങ്സിനുള്ളിൽ വെച്ച് കോൺടാക്ടുകൾ തെരഞ്ഞെടുക്കാം. വാട്ട്‌സ്ആപ്പ് സ്റ്റാറ്റസ് അപ്‌ഡേറ്റിലേക്ക് പങ്കിടുന്ന വോയ്‌സ് നോട്ടുകൾ എൻഡ്-ടു-എൻഡ് എൻക്രിപ്റ്റഡ് ആയിരിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.
പുതിയ അപ്ഡേറ്റ് പരീക്ഷണ സ്വഭാവത്തില്‍ വാട്സ്ആപ്പിന്റെ ഐ.ഒ.എസ് ബീറ്റ വേര്‍ഷനില്‍ പ്രവര്‍ത്തനത്തിലാണ്. ഈ ഫീച്ചര്‍ പരീക്ഷണ ഘട്ടത്തിലായതിനാല്‍ ഇപ്പോൾ ഉപയോക്താക്കള്‍ക്ക് ലഭ്യമാകില്ല. വരും ദിവസങ്ങളിൽ യൂസർമാർക്ക് ഈ ഫീച്ചർ അപ്ഡേറ്റുകളിലൂടെ ലഭിച്ചേക്കും.