മൈനർ ഇറിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തി.
മാവൂർ:
കവണക്കല്ലിൽ റെഗുലേറ്ററിൻ്റെ ഷട്ടർ താഴ്ത്തുമ്പോൾ മാവൂരിൽ താഴ്ന്ന പ്രദേശങ്ങളിലെ കൃഷി വെള്ളത്തിൽ മുങ്ങി നശിക്കുന്നതിന് പരിഹാരം കാണുന്നതിന്റെ ഭാഗമായി മൈനർ ഇറിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തി. മാവൂർ പാടം, പൂളക്കോട്, കൽപള്ളി വാലുമ്മൽ, കണ്ണിപറമ്പ് ഭാഗങ്ങളിലാണ് പരിശോധന നടത്തിയത്. പൂളക്കോട് തോടിനു കുറുകെ വി.സി.ബിയും സമീപത്ത് പമ്പ് ഹൗസും സ്ഥാപിക്കുന്നതിന്റെ സാധ്യത സംഘം പരിശോധിച്ചു. ഷട്ടർ ഇടുന്ന സമയത്ത് വയലുകളിൽ കൃഷി നശിക്കുന്നത് സംബന്ധിച്ച് പരാതിയുണ്ടായിരുന്നു. മാവൂർ കൃഷി ഓഫിസർ ഡോ. ദർശന ദിലീപ് മൈനർ ഇറിഗേഷൻ വകുപ്പിന് ഇത് സംബന്ധിച്ച് കത്ത് നൽകിയിരുന്നു. കൽപള്ളി വാലുമ്മൽ വി.സി.ബിക്ക് ഷട്ടർ സ്ഥാപിക്കാനും കണ്ണിപറമ്പിൽ ചെറുപുഴയിൽ നിന്ന് വെള്ളം കയറുന്നത് തടയാനും നടപടി ഉണ്ടാകും. മൈനർ ഇറിഗേഷൻ എക്സിക്യൂട്ടീവ് എൻജിനീയർ സത്യൻ, അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എൻജിനീയർ അജയൻ, അസിസ്റ്റൻറ് എൻജിനീയർ തസ്‌ന, ഓവർസിയർ അഖില എന്നിവരാണ് സന്ദർശിച്ചത്. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ടി. രഞ്ജിത്ത്, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.എം. അപ്പു കുഞ്ഞൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ ഉണ്ണികൃഷ്ണൻ, എം.പി. അബ്ദുൽ കരീം, മാവൂർ കൃഷി ഓഫിസർ ഡോ. ദർശന ദിലീപ് എന്നിവരും സ്ഥലത്തെത്തി.