സർക്കാർ ഉത്തരവ് ഹൈകോടതി സ്റ്റേ ചെയ്തതായി മാവൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്
മാവൂർ ഗ്രാമ പഞ്ചായത്ത് ഭരണ സമിതിയുടെ 27-11-21ലെ യോഗത്തിൽ ഏഴാം വാർഡ് മെമ്പർ കെ.എം. അപ്പു കുഞ്ഞൻ അവതരിപ്പിക്കുകയും എം.പി. കരീം പിന്താങ്ങുകയും ചെയ്ത് ഭരണസമിതി പാസാക്കിയ പ്രമേയം അസാധു ആക്കിയും ഭരണസമിതിയിലെ അംഗങ്ങൾക്ക് 15 ദിവസത്തെ നിർബന്ധിത പരിശീലനം വിധിച്ചു കൊണ്ടും ഇറക്കിയ സർക്കാർ ഉത്തരവ് ഹൈകോടതി സ്റ്റേ ചെയ്തതായി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി. രഞ്ജിത് വാർത്തസമ്മേളനത്തിൽ അറിയിച്ചു. 15-06-22 തിച്ചതിയിലെ തദ്ദേശസ്വയംഭരണ സ്ഥാപന ഓംബുഡ്സ്മാൻ വിധിക്ക് 30-08-22 ന് ഹൈക്കോടതി മൂന്ന് മാസത്തെ സ്റ്റേ അനുവദിച്ചിരുന്നു. എന്നാൽ ഈ ഹൈക്കോടതി വിധിയെപ്പോലും മാനിക്കാതെ സർക്കാർ ഈ വിഷയത്തിൽ രാഷ്ട്രീയ പ്രേരിതമായി അതിവേഗത്തിൽ ഹോബുഡ്സ്മാൻ ഉത്തരവ് ശരിവെക്കുകയും പ്രമേയം റദ്ദ് ചെയ്യുകയും അംഗങ്ങൾക്ക് നിർബന്ധിത പരിശീലനം നിർദേശിച്ചും 22-10-22 ന് സർക്കാർ ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതം വെട്ടിക്കുറക്കുകയും അധികാരങ്ങൾ കവർന്നെടുക്കുകയും ചെയ്യുന്ന സർക്കാർ ഗ്രാമപഞ്ചായത്തിന്റെ ഉത്തരവാദിത്വത്തിൽപ്പെട്ട പൊതുമുതൽ സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് കൃത്യനിർവഹണം നടത്തിയ പോലീസിനെയും ,പഞ്ചായത്ത് അധികാരികളെയും തടസ്സപ്പെടുത്തുകയും, ഭീഷണിപ്പെടുത്തുകയും ചെയ്ത സാഹചര്യത്തെ മുൻ നിർത്തി ഭരണ സമിതി ഭൂരിപക്ഷ അഭിപ്രായ പ്രകാരം പാസ്സാക്കിയ പ്രമേയം റദ്ദ് ചെയ്യാനും കൃത്യനിർവ്വഹണത്തിന് മുന്നിട്ടിറങ്ങിയ പ്രസിഡന്റ് ഉൾപ്പെടെയുള്ള ഭരണ സമിതി അംഗങ്ങളെ ശിക്ഷിക്കാനും സർക്കാർ അമിതമായി തിടുക്കം കാണിക്കുകയുമായിരുന്നു. ഹൈക്കോടതിയുടെ പരിഗണനയിൽ ഇരിക്കുന്ന മേൽ വിഷയത്തിൽ സർക്കാർ തിടുക്കപ്പെട്ട് ഉത്തരവിറക്കിയത് തികച്ചും രാഷ്ട്രീയ പ്രേരിതമാണെന്ന് പ്രസിഡന്റ് ആരോപിച്ചു. സർക്കാറിന്റെ ഈ ഉത്തരവിനെ ചോദ്യം ചെയ്തു കൊണ്ട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഹൈക്കോടതിയെ സമീപിക്കുകയും കോടതി മേൽ ഉത്തരവ് 14-11-22ന് സ്റ്റേ ചെയ്യുകയുമായിരുന്നു. ഗ്രാമ പഞ്ചായത്തിലെ ജനങ്ങളുടെ , ജീവനും സ്വത്തിനും സംരക്ഷണം നൽകുക എന്നത് ഗ്രാമ പഞ്ചായത്തിന്റെ കടമയാണെന്നും ഇത് നിറവേറ്റുക മാത്രമാണ് പ്രമേയത്തിലൂടെ ചെയ്തത് എന്നും, ഈ വിഷയത്തിൽ നിയമപരമായ എല്ലാ സാധ്യ തകളും ഉപയോഗിച്ച് കൊണ്ട് മുന്നോട്ട് പോകുമെന്നും പ്രസിഡന്റ് പറഞ്ഞു. വാർത്ത സമ്മേളനത്തിൽ പ്രസിഡന്റ് ടി. രഞ്ജിത്തിനോടൊപ്പം വൈസ് പ്രസിഡൻറ് ജയശ്രീ ദിവ്യ പ്രകാശ്, സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷരായ കെ.എം. അപ്പുകുഞ്ഞൻ, ടി.ടി. ഖാദർ, അംഗം പി. ഉമ്മർ മാസ്റ്റർ എന്നിവരും പങ്കെടുത്തു.