കുന്ദമംഗലം ഉപജില്ലാ സ്കൂൾ കലോത്സവം നവംബർ 5, 7, 8, 9 തിയ്യതികളിൽ നടക്കും. സ്റ്റേജിതര മത്സരങ്ങൾ 5ാം തിയ്യതി മലയമ്മ എ.യു.പി സ്കൂളിൽ വെച്ചും സ്റ്റേജ് ഇനങ്ങൾ 7,8,9 തിയ്യതികളിൽ നായർകുഴി ഗവ: ഹയർ സെക്കണ്ടറി സ്കളിൽ വെച്ചുമാണ് നടക്കുന്നത്. സ്റ്റേജിനങ്ങൾക്കായി മൊത്തം ഏഴ് വേദികൾ തയ്യാറാക്കിയിട്ടുണ്ട്. എൽ പി, യു.പി, ഹൈസ്കൂൾ, ഹയർ സെക്കണ്ടറി വിഭാഗങ്ങളിൽ നിന്നും 4000 ഓളം വിദ്യാർത്ഥികൾ മത്സരിക്കുന്നുണ്ട്. 58 സ്കൂളിൽ നിന്നുള്ള വിദ്യാർഥികൾ മത്സരിക്കും,
കലോത്സവത്തിന്റെ ഔപചാരിക ഉദ്ഘാടനം ഏഴിന് രാവിലെ 11 മണിക്ക് ജില്ല പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ പി. സുരേന്ദ്രൻ നിർവ്വഹിക്കും. ചടങ്ങിൽ ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. ഓളിക്കൽ ഗഫൂർ അധ്യക്ഷത വഹിക്കും. മുഖ്യാതിഥിയായി 'എന്ന താൻ കേസ് കൊട്: സിനിമയിലെ താരം പി.പി. കുഞ്ഞികൃഷ്ണൻ മാസ്റ്റർ പങ്കെടുക്കും.
9 ന് വൈകിട്ട് നാലിന് നടക്കുന്ന സമാപന സമ്മേളനം പി.ടി.എ റഹീം എം. എൽ. എ ഉത്ഘാടനം ചെയ്യും. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബാബു നെല്ലൂളി സമ്മാന വിതരണം നിർവ്വഹിക്കും.
കലോത്സവത്തിന്റെ വിജയത്തിനാവശ്യമായ എല്ലാ ഒരുക്കങ്ങളും പൂർത്തിയായിട്ടുണ്ട്.
പത്രസമ്മേളനത്തിൽ സംഘാടക സമിതി ചെയർമാൻ ഓളിക്കൽ ഗഫൂർ, കൺവീനർ എൻ പി. ഷാജി, എ. ഇ. ഒ കെ. ജെ പോൾ, നായർകുഴി ഹൈസ്കൂൾ ഹെഡ് മാസ്റ്റർ പുരുഷോത്തമൻ, പബ്ലിസിറ്റി കമ്മറ്റി ചെയർമാൻ വിശ്വൻ വെള്ളലശ്ശേരി, പബ്ലിസിറ്റി കമ്മറ്റി ജോ. കൺവീനർ സി. കെ. അഷറഫ്, ശിവദാസൻ ബംഗ്ലാവിൽ, പുതുക്കുടി അഹ്മ്മദ് എന്നിവർ പങ്കെടുത്തു.