കല്ലാട്ട് കൃഷ്ണൻ സ്മാരക പുരസ്കാരം ടി.വി. ബാലന്
മാവൂർ:
ഈ വർഷത്തെ കല്ലാട്ട് കൃഷ്ണൻ സ്മാരക പുരസ്കാരത്തിന് രാഷ്ട്രീയ, സാമൂഹിക, സംസ്കാരിക രംഗത്തെ നിറസാന്നിധ്യമായ ടി.വി. ബാലൻ അർഹനായതായി ട്രസ്റ്റ് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ടി. കെ. വിജയരാഘവൻ, ജയശ്രീ കല്ലാട്ട്, എം.എ. ബഷീർ എന്നിവർ ചേർന്നാണ് പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തത്. കല്ലാട്ട് കൃഷ്ണൻ്റെ ചരമവാർഷികത്തോടനുബന്ധിച്ച് നവംബർ 25ന് വൈകുന്നേരം 4.30ന് മാവൂർ പഞ്ചായത്ത് കൺവെൻഷൻ സെൻററിൽ നടക്കുന്ന ചടങ്ങിൽ റവന്യൂ മന്ത്രി അഡ്വ. കെ. രാജൻ പുരസ്കാരം സമ്മാനിക്കും. ഇ.കെ. വിജയൻ എം.എൽ.എ അനുസ്മരണ പ്രഭാഷണം നടത്തും. കെ. ശങ്കരപ്പിള്ള, കെ.എം. കുഞ്ഞവറാൻ, ശ്രീകുമാർ മാവൂർ എന്നിവരെ അഡ്വ. പി.ടി.എ. റഹീം എം.എൽ.എ ആദരിക്കും. കൂടാതെ പ്രമുഖ ട്രേഡ് യൂനിയൻ നേതാവായ കെ.ജി. പങ്കജാക്ഷൻ രചിച്ച 'എൻറെ കേരളം, കോഴിക്കോട്, മാവൂർ: ഓർമ്മക്കുറിപ്പുകൾ' പുസ്തകം കവി പി.കെ. ഗോപി പ്രകാശനം ചെയ്യും. ചലച്ചിത്ര ഗാന പുരസ്കാര ജേതാവ് നഞ്ചിയമ്മ ഏറ്റുവാങ്ങും. മുതിർന്ന മാധ്യമപ്രവർത്തകൻ ടി.പി. ചെറുപ്പ പുസ്തകം പരിചയപ്പെടുത്തും. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ടി. രഞ്ജിത്ത്, വൈസ് പ്രസിഡണ്ട് ജയശ്രീ ദിവ്യപ്രകാശ്, ജില്ലാ പഞ്ചായത്ത് മെമ്പർ കമ്പളത്ത് സുധ, ഗ്രാമപഞ്ചായത്ത് മെമ്പർ പുലപ്പാടി ഉമ്മർ മാസ്റ്റർ, വിവിധ രാഷ്ട്രീയ പാർട്ടി - ട്രേഡ് യൂണിയൻ നേതാക്കൾ തുടങ്ങിയവർ സംസാരിക്കും. രാത്രി എട്ടുമണിക്ക് കോഴിക്കോട് കലാഭവൻ അവതരിപ്പിക്കുന്ന 'ഉന്തുവണ്ടി' നാടകം അരങ്ങേറും. വാർത്ത സമ്മേളനത്തിൽ കല്ലാട്ട് കൃഷ്ണൻ സ്മാരക ട്രസ്റ്റ് പ്രസിഡൻറ് കെ.ജി. പങ്കജക്ഷൻ, സെക്രട്ടറി ചൂലൂർ നാരായണൻ, സംഘാടകസമിതി ചെയർമാൻ കെ.പി. വിജയൻ,, കൺവീനർ സി.വി. തോമസ്, ദിലീപ് കുമാർ, ദിവാകരൻ, കെ. അബൂബക്കർ എന്നിവർ പങ്കെടുത്തു.