എടവണ്ണപ്പാറ, മാവൂർ റൂട്ടുകളിൽ നടത്തുന്ന ബസ് സമരം പിൻവലിച്ചു. അസിസ്റ്റൻറ് പോലീസ് കമ്മീഷണർ സുദർശനന്റെ നേതൃത്വത്തിൽ മാവൂർ പോലീസ് സ്റ്റേഷനിൽ നടന്ന ചർച്ചയിലാണ് സമരം ഒത്തുതീർന്നത്. ബസ് ജീവനക്കാർക്ക് മർദ്ദനമേറ്റ സംഭവത്തിൽ പ്രതികളെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്യാമെന്ന് ഉറപ്പിന് തുടർന്നാണ് പിൻവലിച്ചത്. ഇന്ന് രാവിലെ മുതൽ മാവൂർ പോലീസ് സ്റ്റേഷനിൽ നടത്തിയ ചർച്ചയിൽ വാഴക്കാട് പഞ്ചായത്ത് പ്രസിഡന്റ് സി.വി. സക്കറിയ, ബസ് ജീവനക്കാർ, ഓണേഴ്സ് പ്രതിനിധികൾ, രാഷ്ട്രീയപ്പാർട്ടി നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു. വെള്ളിയാഴ്ചയാണ് എടവണ്ണപ്പാറ റൂട്ടിൽ ബസ് സമരം ആരംഭിച്ചത്. തുടർന്ന് ഈ സമരത്തോട് ആഭിമുഖ്യം പ്രഖ്യാപിച്ച് ഇന്ന് മുതൽ മാവൂർ റൂട്ടിലും ബസ്സുകൾ സർവീസ് നിർത്തിവച്ചിരുന്നു. വെള്ളിയാഴ്ച പെരുവയലിൽ ബസ് ജീവനക്കാരനെ വിദ്യാർത്ഥികളും രക്ഷിതാക്കളും മർദ്ദിച്ചുവെന്ന് ആരോപിച്ചായിരുന്നു സമരം.