ഖത്തറിലെ മലയാളി പെരുമ.
ഖത്തറിൽ നിന്നും എ. ആർ കൊടിയത്തൂർ എഴുതുന്നു
പല രാജ്യങ്ങളും ബഹിഷ്കരണം നടത്തിയിട്ടും സ്വയം പര്യാപ്തതയിലേക്ക് കുതിച്ചുയർന്ന ഖത്തർ മലയാളികളുടെ ഒരു ആശാ കേന്ദ്രമാണ്. ഖത്തറിലുള്ള മകൻ ജസീമിന്റെയും കുടുംബത്തിന്റെയും മകൾ ജസ്‌നയുടെയും കുടുംബത്തിന്റെയും ക്ഷണം ഹൃദ്യമായി സ്വീകരിച്ചു കൊണ്ട് ഒരു മാസക്കാലം ഇവിടെ കഴിയാനുള്ള ഭാഗ്യമുണ്ടായി.2017ലും ഞങ്ങൾ ഖത്തർ സന്ദർശിച്ചിരുന്നു.
മലയാളികൾ എവിടെ ചെന്നാലും ഒട്ടുമിക്ക പേരും അവരെ തിരിച്ചറിയും. കേരളീയ വസ്ത്രവും സ്വഭാവ രീതികളും എവിടെ എത്തിയാലും മലയാളികൾ കൈവെടിയാറില്ല. ചിലപ്പോൾ നാട്ടിൽ ഉടുക്കുന്ന കള്ളിതുണിയുമായും അവർ പുറത്തിറങ്ങും. ഖത്തർ കൊടിയത്തൂർ സർവീസ് ഫോറത്തിന്റെ പെരുന്നാൾ പരിപാടിയിൽ എനിക്കും കുടുംബത്തിനും പങ്കെടുക്കാൻ അവസരം കിട്ടി.
നാട്ടിൽ നിന്ന് പരിചയമില്ലാത്ത പലരെയും അവിടെ നിന്ന് പരിചയപ്പെടാൻ കഴിഞ്ഞു.കൊടിയത്തൂരിന്റെ തനതായ സംസാരവും പെരുമാറ്റവും അവിടെ നിന്ന് ദർശിച്ചു.
ഞങ്ങൾ മത്സ്യ മാർക്കറ്റുകളിലേക്ക് പോയപ്പോൾ അവിടെ കണ്ട മുതലാളിമാരും തൊഴിലാളികളും മലയാളികളായിരുന്നു.ഇഷ്ട്ടപ്പെട്ട മീൻ തെരഞ്ഞെടുത്ത് പൊരിച്ചു കൊടുക്കുന്ന സൂക്കുകളിലും മലയാളി പെരുമ നിലനിർത്തുന്നുണ്ട്. അധിക മത്സ്യങ്ങളും ഖത്തറിൽ നിന്ന് പിടിക്കുന്നവയാണ്. അതുകൊണ്ട് തന്നെ ഫ്രഷ് ആയിരിക്കും. മലയാളികളോടൊപ്പം ജോലി ചെയ്യാൻ പേരിന്ന് ഒന്നോ രണ്ടോ പേർ മറ്റു രാജ്യക്കാർ ഉണ്ടാവും. കച്ചവട സ്ഥാപനങ്ങൾ അധികവും കൈകാര്യം ചെയ്യുന്നത് കണ്ണൂർകാരാണെന്ന് തോന്നുന്നു. ഓഫിസുകളിലും മറ്റും ജോലി ചെയ്യുന്നത് മലപ്പുറത്തുകാരും കോഴിക്കോട്ടുകാരും തെക്കൻ ജില്ലകാരുമാണെന്ന് തോന്നുന്നു. അറബികളുടെ വീടുകളിലും മലയാളികൾ സംവരണം മറികടക്കുന്നുണ്ട്. ഞാൻ കഷ്ടപ്പെട്ട് മുറിയൻ ഇംഗ്ളീഷിലും അറബിയിലും ഉറുദുവിലും ഒക്കെ സംസാരിക്കാൻ തുടങ്ങുമ്പോൾ തന്നെ അവർ ഇങ്ങോട്ട് മലയാളം പറയും. ചില കടകളുടെ പേര് മലയാളത്തിലും എഴുതിയിട്ടുണ്ട്. മലയാളികൾ എവിടെയും തല ഉയർത്തി നടക്കുന്നവരാണ്.